Friday, 10 November 2023

റെയിൽവേ സ്റ്റേഷൻ

ഒരുപാടു നേരമായില്ലെങ്കിൽ പോലും കുറച്ചു നേരമായി ഞാൻ പരശുവിനു വേണ്ടി കാത്തിരിക്കുന്നു..പരശുവെന്ന് പറയുമ്പോൾ തന്നെ പണ്ടെപ്പോഴോ മാതൃഭൂമിയിൽ വായിച്ച ഒരു ലേഖനമാണ് ഓർമ്മ വരുന്നത്..കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ് പരശു അഥവാ പരശുറാം എക്സ്പ്രസ്സ്.പക്ഷെ അതിലും നാഞ്ചിനാട് പരാമര്ശിക്കപെടാത്തത്തിൽ എനിക്ക് വിഷമം തോന്നിയിരുന്നു..ചരിത്രം മാത്രമല്ല മലയാളമണ്ണും എന്നും മാർത്താണ്ഡന്റെ മണ്ണിനെ മറന്നിരുന്നു.ആരൊക്കെ മറന്നാലും പദ്മനാഭന്റെ മണ്ണിനെയും വേലുത്തമ്പിയുടെ ധീരതയും മറന്നൊരു കഥ നാഞ്ചിനാട്ടിലെ മക്കൾക്കില്ല..തിരമാലകൾ ഓർമ്മകളെ വലിച്ചിഴക്കുന്ന പോലെ കഥകൾ എവിടെയൊക്കയോ കൂട്ടികൊണ്ടുപോയി.എങ്കിലും പരശു വന്നില്ല.ആറുമണിയാകും.നേരെ പാറശ്ശാല പോയി ഇറങ്ങാമെന്നതാണ് പരശുവിന്റെ ഗുണം.നാളെ അനീഷിന്റെ കല്യാണമാണ്.കുറെ കാലമായി കൊല്ലൻകോട്ടൊരു കല്യാണമൊക്കെ കൂടിയിട്ട്.കാലം നമ്മളെക്കാൾ വേഗത്തിൽ പായുകയാണ്.അനീഷ് എന്റെ ക്ലാസ്‌മേറ് ആണ് .ക്ലാസ്‌മേറ്റ് എന്നുപറഞ്ഞാൽ വെറും ക്ലാസ്‌മേറ്റ് അല്ല.lkg മുതൽ plus two വരെ എൻറെ ക്ലാസ്‌മേറ്റ് ആയിരുന്നു അവൻ.അതിലുപരി എന്റെ അയൽവാസി കൂടിയാണ്.
                   കല്യാണം ഒരു വല്യ സംഭവമാണ് അല്ലെ ? കാലം വെറുതെ ഇരിക്കുന്ന കഥാപാത്രങ്ങളെ പെട്ടെന്നു താരങ്ങളാക്കും.അതുപോലെയാണ് കല്യാണവും.
ആഹ്ഹ ആശ്വാസമായി പരശു വന്നു.കൂടുതൽ നേരം കാത്തിരിക്കാൻ വയ്യ.9 മണിക്കെങ്കിലും വീടെത്തണം.ട്രെയിൻ യാത്രകൾ എപ്പോഴും നമ്മളെ എന്തെങ്കിലുമൊക്കെ ചിന്തിപ്പിക്കും.നീണ്ടു നിവർന്നു കിടക്കുന്ന തീവണ്ടിയുടെ ശരീരം പോലെ നീണ്ട ചിന്തകളാണല്ലോ നമുക്കൊക്കെ ഉള്ളത് .ഒരുപക്ഷെ അതുകൊണ്ടാകും.എന്തൊക്ക്കെ പറഞ്ഞാലും തീവണ്ടിക്കു ഒരായിരം കഥകൾ പറയാനുണ്ടാവും നമ്മളോട് .
മരങ്ങൾ പിന്നോട് പോകുന്ന പ്രതിഭാസം ആദ്യമായി അനുഭവിപ്പിച്ച ബസിനു പോലും ഉണ്ടാകില്ല തീവണ്ടിയുടെ നീളൻ ചിന്തകൾ.എത്രമാത്രം ആൾക്കാരാ ദിവസവും ഈ നീളം വണ്ടിയിൽ തങ്ങളുടെ ചിന്തകളുമായി അലയുന്നത് .അവയിൽ കുറച്ചെങ്കിലും ഈ വണ്ടിയുടെ കതകിലും ജനാലയിലുമൊക്കെ പറ്റിപിടിച്ചുണ്ടാകും .മഞ്ഞിന്റെ കഥ പറയുന്ന
ഗൂഡലൂര് പോലെ ഈ വണ്ടിക്കും പിന്നിട്ട കാലത്തിന്റെ നീണ്ട കഥകൾ പറയാനുള്ളതുപോലെ.
മനസ്സ് ഓർമ്മകളെ ചുംബിച്ചപ്പോൾ മഴപോലും മൂകസാക്ഷിയാവാൻ എത്തി..ഷട്ടർ താഴ്ത്താൻ പോലും എനിക്ക് തോന്നിയില്ല.മണ്ണിനെ മാത്രം ഉമ്മ വച്ച് പറന്നകലാൻ മഴക്കാകുമോ?
അങ്ങനെ അങ്ങനെ ഓർമ്മകൾക്ക് ചിറകു കൊടുക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.നാളെ കല്യാണം മാത്രമല്ല ഒരു മരണവും ഉണ്ട്.മരണം ഉണ്ട് എന്ന് പറയാൻ ഞാൻ ആരാ കാലനോ ?
മരണമല്ല.മരണവീട്ടിൽ പോകണം.രാമചന്ദ്രൻ കൊച്ചിച്ചൻ.എന്റെ അച്ഛന്റെ കൊച്ചിച്ചന്റെ മോൻ.ചായക്കടയായിരുന്നു.ചെറ്റക്കട രാമേന്ദ്രൻ എന്ന് പറഞ്ഞാലേ കൊല്ലൻകോട്ടുകാർക്കറിയൂ.എന്റെ തൊട്ടടുത്ത വീടാണ്.ഞാന് കൊല്ലത്തായതു കൊണ്ട് അറിഞ്ഞില്ല .മൂന്ന് ദിവസമായി മരിച്ചിട്ടു.നമ്മുടെയൊക്കെ ജീവിതത്തിൽ അപ്രതീക്ഷമായി കടന്നു വരുന്നൊരു അഥിതിയാണ് മരണം.യാത്രകൾ അവസാനിക്കുമ്പോൾ കൂടെ കൂട്ടാൻ വരുന്ന ഗൈഡിനെ പോലെ മരണം ശാന്തനായി നമ്മളെയും കൊണ്ട് പോകും.യാത്രയാവസാനിക്കുന്ന സങ്കടവും ഇനിയൊരു യാത്രക്കുള്ള ഊർജവും ഒരേസമയം നമ്മുടെയുള്ളിൽ നിറച്ചു മരണം എത്തുമ്പോൾ,ഈ ചെറിയ തീരം വിട്ടു വിശാലതയുടെ വല്യ തീരങ്ങൾ തേടാൻ നമ്മുടെ മനസ്സ് പാകപ്പെട്ടിരിക്കും.സായന്തനം രാവിന് വഴിമാറിക്കൊണ്ടേയിരുന്നു ജീവിതവും ലളിതമാണതുപോലെ. മാറേണ്ടിവരുമ്പോൾ വെറുതെ മാറികൊടുക്കുക.നന്ത്യാർവട്ട പൂക്കൾ തങ്ങളുടെ വെണ്മ ലോകത്തിനുമുന്നിൽ കാണിച്ചു കൊണ്ടേയിരുന്നു.അവയുടെ സുഗന്ധം പ്രണയ മുകുളങ്ങളായി പുഷ്പിച്ചുകൊണ്ടേയിരുന്നു.പുത്തൻ വിളക്കുകൾ അലംകൃതമായ നഗരത്തിലെ അമ്പലത്തിൽ നിന്നും ചെറു മണികൾ കിലുങ്ങുംപോലെ പാട്ടുകേട്ടുകൊണ്ടേയിരുന്നു..