കാലം മുന്നോട്ടുപോകുന്നപോലെ പിന്നോട്ടും പോകും.അങ്ങനെ പിന്നോട്ട് പോയ കാലം ഒരു കടലാസിന്റെ രൂപത്തിൽ എന്റെ മുന്നിൽ വന്നു പെട്ടു.ഞാൻ ചെന്നൈലായിരിക്കുമ്പോൾ കാലവുമായി ചെറിയൊരു മല്പിടിത്തമുണ്ടായി.അന്ന് ആ മല്പിടിത്തത്തിനൊടുവിൽ പൊട്ടിയും പൊളിഞ്ഞും കുറെ ചിന്തകളുണ്ടായി.അതിൽ നിന്നും ഓർമ്മതാളിലേക്കും പിന്നെ കടലാസിലേക്കും പകർത്തിയ വാക്കുകൾ...
മദ്രാസ് പട്ടണത്തിന്റെ ഹൃദയമായ അണ്ണസാലൈ.ഓർമ്മകളിൽ ചരിത്രം തേരൊടുന്ന വീഥികൾ. ഇന്നവ കാലത്തിന്റെ പുതുയുഗത്തിനു വഴിമാറുന്നു.
അടിപാതകൾ,താറിട്ട വല്യ നിരത്തുകൾ,ചീറിപ്പായുന്ന വാഹനങ്ങൾ,നിമിഷാര്ധനം കൊണ്ട് കോടികൾ സമ്പാദിക്കുന്ന കോര്പറേറ്റുകൾ,രണ്ടു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ അലയുന്ന പട്ടിണിപ്പാവങ്ങൾ...എല്ലാം മായാകാഴ്ചകളായി ഇന്നത്തെ അണ്ണാ സാലയ്ക്കും മദ്രാസ് പട്ടണത്തിനും.
ക്ഷമിക്കണം,ഇന്ന് മദ്രാസ് ഓർമ്മയാണ്. ചെന്നൈയാണ് ഇപ്പോഴത്തെ നാമം. അതുനന്നായി പഴയകാലത്തെയും പുതിയ കാലത്തെയും സൂചിപ്പിക്കാൻ ഓരോ പേരുണ്ടല്ലോ,ഇങ്ങനെ ചീറിപ്പായുന്ന അണ്ണാശാലയിൽ നൂറ്റിയമ്പത്തു വർഷത്തെ ഓർമ്മകളും പേറി ഇന്ത്യൻ തപാൽ വകുപ്പ്. അവിടെ കൊതുകുകളും ഓർമ്മകളും എന്റെ ഉറക്കത്തെ തുരത്തിയപ്പോൾ ഉണരാൻ വൈകിയ എന്റെ ഏകാന്തതയും ,രാത്രിയുടെ മൂകതയും പ്രതിക്ഷേധവുമായി എത്തി.ആ പ്രതിക്ഷേധമാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്.കൊതുകുകൾക്കു ഒട്ടും ക്ഷാമമില്ലാത്ത പുതിയ മദ്രാസ് പട്ടണത്തിൽ കൊതുകുകളുടെ അധികാരം ഏറെ കൂടുതലുള്ള പ്രദേശമാണെന്നു തോന്നുന്നു ഈ പോസ്റ്റ് ഓഫീസ്.എന്തായാലും ഒരുതരി ഉറങ്ങാൻ പറ്റിയില്ല.ഈ കൊതുകുകൾ ഉറങ്ങാറുണ്ടോ ആവോ..അറിയില്ല.ഇനി വല്ല വിക്കിപീഡിയ എങ്ങാനും പരതി നോക്കണം. ആ ഏകാന്തതയിലും എനിക്ക് കൂട്ടായി ഒരാളുണ്ടായിരുന്നു.എന്നോളം പോന്നൊരു ഫാൻ.അതിന്റെ കാറ്റടിച്ചാൽ നമ്മുടെ കൊതുകുവീരന്മാരൊക്കെ പമ്പകടക്കും.വീണ്ടും ക്ഷമ.ഇവിടെ അടുത്ത് പമ്പ ഇല്ല.കൂവം കടക്കുമെന്ന് പറയാം.പണ്ട് സായിപ്പന്മാർ തോണിയേറി പോയിരുന്ന പുഴയാണത്രെ കൂവം.ഇന്നത് മാലിന്യ പുഴയാണ്.കാലത്തിനും മനുഷ്യനും ജരാനരകൾ ബാധിക്കുമ്പോൾ പുഴയ്ക്കും അതാകാമല്ലോ ? പക്ഷെ ഇവിടെ കൂവത്തിനു നരയല്ല ബാധിച്ചത്. നരബാദിച്ച മനുഷ്യർ മുടികറുപ്പിച്ച പോലെ കൂവം കറുത്തിരിക്കുന്നു.കറുത്ത മുടിയിഴകൾ കണ്ടിട്ട് മാരീചനു സഹിക്കാതെ വരുമ്പോൾ മഴ പെയ്യിച് വെളുപ്പിക്കാൻ നോക്കും.പക്ഷെ മാരീചനും തോറ്റുപോകാറാണ് പതിവ്.മനുഷ്യന്റെ മാലിന്യത്തോളം വരില്ലലോ മാരീചന്റെ പ്രതികാരം. ഒരുകാലത്തു ആനന്ദ നൃത്തമാടി സ്മൃതിയിലാണ്ടുപോയ ഏതോ അപ്സര കന്യകയെ പോലെ കൂവം ഇന്നും ഒഴുകുന്നു.മനുഷ്യന്റെ മാലിന്യങ്ങൾ മുഴുവൻ തന്റെ മാറിലേറ്റി സ്വയം എരിഞ്ഞമരുമ്പോഴും ആ പഴയകാല സ്മൃതികളോര്ത് കണ്ണീര് പൊഴിക്കുണ്ടാവും നമ്മുടെ പാവം പുഴ...
Monday, 4 March 2019
ചെന്നൈ പട്ടണം
Subscribe to:
Post Comments (Atom)
No comments:
Post a Comment